കൊച്ചി: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സമാനമായി വൈപ്പിന്‍ ഫോര്‍ട്ട്കൊച്ചി റോ റോ സര്‍വീസിലും സ്ത്രികള്‍ക്ക് സൗജന്യ യാത്ര. ഇന്നലെ ചേര്‍ന്ന കൊച്ചി കോര്പറേഷന് കൗണ്‍സിലില്‍ യുഡിഎഫ് ഭരണസമതി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ എതിര്‍പ്പില്ലാതെ പാസായി. സൗജന്യ യാത്ര ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍ പറഞ്ഞു.
ടാക്സ് അപ്പീല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എ. മനാഫ് അവതരിപ്പിച്ച പ്രമേയത്തിന് ഭരണകക്ഷിയായ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പൂര്‍ണ പിന്തുണ ലഭിച്ചു. അതേസമയം എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍ പ്രമേയത്തെ പൂര്‍ണമായി പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല.
ഓരോ സര്‍വീസിനും ആദ്യം ടിക്കറ്റ് എടുക്കുന്ന വാഹന യാത്രക്കാര്‍ അല്ലാത്ത വനിതകള്‍ക്കാണ് സൗജന്യയാത്ര നല്‍കുന്നത്. സ്ത്രീകള്‍ക്ക് പദ്ധതി ഗുണം ചെയ്യുന്നതിനാല്‍ എതിര്‍ക്കുന്നില്ലെന്നു പ്രതിപക്ഷ കക്ഷി നേതാവ് വി.എ. ശ്രീജിത്ത് പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനു മുന്‍പ് ശരിയായ പഠനം നടത്തണമെന്ന് ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് പറഞ്ഞു. കോര്പറേഷന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകാമെന്നതിനാല്‍ ഗുണഭോക്താക്കളുടെ വിഭാഗം നിശ്ചയിക്കേണ്ടത് പ്രധാനമാണെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാ യാത്രക്കാര്‍ക്കും റോ റോ യാത്ര സൗജന്യമാക്കണമെന്നാണ് ഭരണപക്ഷ കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍ ആവശ്യപ്പെട്ടത്. റോറോ സര്‍വീസിനെ പൊതു സേവനമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.ഗാര്‍ഹിക തൊഴിലാളികള്‍, കാഷ്വല്‍ തൊഴിലാളികള്‍, മത്സ്യബന്ധന മേഖലയിലുള്ളവര്‍ തുടങ്ങി തുച്ഛമായ വേതനം ലഭിക്കുന്ന സ്ത്രികള്‍ക്ക് സൗജന്യ യാത്ര ആശ്വാസമാണെന്ന് പ്രമേയേ അവതാരകനായ മനാഫ് പറഞ്ഞു.